Sunday, February 20, 2011

മകളേ, ഇതേറ്റു വാങ്ങുക


മകളേ, ഇതേറ്റു വാങ്ങുക...
ഇതു വെറും കറിക്കത്തിയല്ലിന്നെനിക്ക്, 
ഇമ ചിമ്മാതിരിക്കുന്നൊരമ്മക്ക്  തെല്ലൊരാശ്വാസം,
മകളേ, നീയിതരയിലൊളിപ്പിച്ചു വക്കുക.

മകളേ, ഇതേറ്റു വാങ്ങുക...
നീ കരഞ്ഞപ്പോഴൊക്കെ നിന്നെ പഠിപ്പിച്ച
സീതതൻ‌, സാവിത്രി തൻ‌ ഗാഥകൾ‌ മറക്കുക
ഇനിയൽ‌പ്പമെന്നടുത്തിരിക്കാമോ ഈയമ്മ പാടട്ടെ,
വളയിട്ടകൈകളാലടരാടിയ ഗീതികൾ‌..
മകളേ, മറക്കുക സീതയെ, സാവിത്രിയെ,
പിന്നെ നിന്നെ നിസ്സഹായയാക്കിയയെന്നെയും‌.


മകളേ, ഇതേറ്റു വാങ്ങുക...
നിൻ‌ കണങ്കാൽ‌ ദർശനമാത്രയിൽ‌ ഒരു നവ-
രതിസാമ്രാജ്യമുയർത്തുന്നൊരിന്നിന്റെ
സദാചാരബോധത്തിന്റെ നാരായ വേരറുക്കുവാൻ‌..
കയ്യിലെ മഞ്ചാടി ദൂരെക്കളഞ്ഞെന്റെ കുരുന്നേ -
നീയിതേറ്റുവാങ്ങുക, അരയിലൊളിപ്പിക്കുക.

മകളേ, ഇതേറ്റു വാങ്ങുക...
പ്രൈം ടൈമിലെ ചർച്ചയിൽ‌ നിന്മുഖം തെളിയാതെ
കാക്കുവാനമ്മക്ക് ത്രാണിയില്ല,
ചർ‌ച്ചയ്ക്കിടക്ക് നിൻ‌പേരിൽ എസ്.എം.എസ്സിനു
പ്രായോജകർക്കായ് കെഞ്ചുന്നതോർക്കവയ്യ.
മകളേ, ഇതേറ്റു വാങ്ങുക...

Thursday, February 10, 2011

ഒരു മോഹം...





അവിലിനു പകരം നിൻ തൃപ്പാദപങ്കജേ, ദക്ഷിണയാവാൻ‌ കൊതിച്ച ജന്മം‌..
അവിരാമാമെൻ‌ സ്വപ്നവീഥികൾ‌ തോറും‌, പുലരൊളിയായ് നിറഞ്ഞ സ്വപ്നം‌...
                            
                                                          (അവിലിനു പകരം നിൻ തൃപ്പാദപങ്കജേ)

കൃഷ്ണശിലയിലും കാഠിന്യമേറിയൊരീ ജന്മമേകിയ പരിഭവം‌ പെയ്തൊഴിയേ..
കൃഷ്ണ, നീയെന്നകതാരിലൊരു‌ നറുമലരായ് വിടർന്നു പരിലസിക്കേ...
                                                                                         (അവിലിനു പകരം നിൻ തൃപ്പാദപങ്കജേ)

ഒരുവേളയെങ്കിലും‌ കണ്ണാ, നിൻ പാദാരവിന്ദമെന്നശ്രുവാലർച്ചന‌ ചെയ്യുവാൻ‌
ഒരു മോഹമെന്നുള്ളിൽ‌ പൂവിടവെ..ഒരു സ്വപ്നമായതു വിടർന്നീടവേ..
                                                                                       (അവിലിനു പകരം നിൻ തൃപ്പാദപങ്കജേ)

കണ്ണനു കാണിക്ക നൽകുവാനൊരുപിടി അവിൽ പോലും‌ കരുതാതെ,
കണ്ണാ, വന്നൂനിൻ‌ തിരുനടയിൽ‌, പാടിയലയുന്നു ഞാൻ‌ തവസന്നിധിയിൽ
                                                                                        (അവിലിനു പകരം നിൻ തൃപ്പാദപങ്കജേ)

പുൽ‌ക്കൊടിപോലുമുറക്കമായൊരീ വേളയിലൊറ്റക്ക് കണ്ണാ ഞാൻ‌
പുനരപി ധീരസമീരേ ഗീതികൾ പാടട്ടെ, പെയ്തൊഴിയട്ടെയെന്നീ ജന്മദു:ഖം...
                                                                                     (അവിലിനു പകരം നിൻ തൃപ്പാദപങ്കജേ)

Monday, February 7, 2011

തുളസിമാല‌

ഇരവിലൊരുവേളയീ ആൽത്തറയിലൊറ്റക്ക്
ഇമയനക്കാതെ നിൻതിരുനാമവും ചൊൽകെ..
കാണ്മൂ ഞാനിനിയൊരു ജന്മമെങ്കിലും തൃപ്പാദ -
മണിയുന്ന ധൂളിയായ് തീരുന്ന സ്വപ്നം, . തവ തീർത്ഥത്തിലാറാടിയലിയുന്ന സ്വപ്നം..

ശ്യാമാംബരങ്ങളെ വർണ്ണിച്ച കവിയെന്തോ,
കാർ‌മേഘപൂരിതജന്മങ്ങൾ‌ മറന്നു പോയ്
തങ്കത്തിളക്കത്തിൻ ശോഭവർണ്ണിക്കുവോനെ-
ന്നെങ്കിലും കഴിയുമോ കാരിരുമ്പിനെക്കാണുവാൻ?

കരുതിവച്ചില്ല ഞാൻ‌ വെറും പ്രാർത്ഥനയല്ലാതെ
അവിൽ‌പ്പൊതിയില്ല..വാദ്യഘോഷമില്ല...
കൂപ്പിയ കൈകളായ് നിശ്ചലം നിൽ‌പ്പൂ ഞാൻ
കൃഷ്ണലീലയിലാറാടുമീ പുണ്യഭൂവിൽ..തവ സന്നിധിയിൽ...


ദക്ഷിണയില്ലാതെ, വഴിപാടുമില്ലാതെ, വെറുമൊരു -
പിടി അവിൽ‌പ്പൊതിപോലുമില്ലാതെ..
ചൂടട്ടെ കൃഷ്ണ ഞാൻ‌, എൻ‌ കണ്ണീരിനാൽ‌ നട്ട
കൃഷ്ണതുളസിയിൽ കോർത്തൊരീ തുളസിമാല...