Sunday, March 27, 2011

അച്ഛനോട്

അച്ഛനോട്

(ഇതൊരു കവിതയുടെ കെട്ടും‌ മട്ടിലേക്കു വന്നുവോ എന്നെനിക്ക് സംശയമുണ്ട്. വല്ല്ലാതെ അസ്വസ്ഥമായ മനസ്സിനെ ഒന്നു ശാന്തമാക്കാൻ കുത്തിക്കുറിച്ചതാണ് എന്നതാണു സത്യം‌.  ജന്മം തന്ന പിതാവിന്റെ ഡയറിയിൽ‌ സ്വന്തം മാനത്തിന്റെ വില രേഖപ്പെടുത്തി വിൽ‌പ്പനക്ക് വച്ച, ഞാനിത് വരേക്കും കാണാത്ത, ഒരു സഹോദരിയ്ക്ക് സമർപ്പിക്കുന്നു. )
കയ്യിലെ കടലാസുവഞ്ചിയൊഴുക്കുവാനീയുമ്മറത്തിണ്ണയിൽ‌-
നീർ‌ച്ചാലുകൾ‌ ശിഷ്ടമായ് നൽകിയീ മഴയകലവേ,
കാത്തിരിക്കാറൂണ്ടായിരുന്നെന്നച്ഛനെ, ഒരു കവിളുമ്മ -
നൽ‌കുവാൻ, പിന്നെയാ കയ്യിൽ‌ തൂങ്ങിയലയുവാൻ‌

ആ വിരൽതുമ്പിൽപിടിച്ചൊരീയുത്സവച്ചന്തയും,
നാട്ടുവഴികളും, കുസൃതിച്ചിരിയുള്ള കുഞ്ഞരുവിയും‌.
ഓടിനടന്നൊരായിരംവീഥികൾ‌, എന്തൊരുത്സാ‌-
ത്തിമ്മിർപ്പിലാറാടിയ നാളുകൾ, നഷ്ടസ്വപ്നങ്ങളായ്.

കടലാസുകഷണത്തിൽ നീപൊതിഞ്ഞെത്തിച്ച
കുടമുല്ലപ്പൂവുപോൽ‌,  ഞാൻഞെരിഞ്ഞെങ്കിലും
നിൻകണ്ണിലെന്നുമൊരായിരംസൂര്യന്മാരാർ‌ത്തിയാൽ‌
കത്തിജ്ജ്വലിക്കുന്ന കാഴ്ച ഞാൻ കാണ്മൂ.

തേങ്ങലടക്കിപ്പിടിച്ച നിമിഷങ്ങളിൽ‌, പിന്നെ
വിടരാതെ ഞെട്ടറ്റുവീണ കൌമാരസ്വപ്നങ്ങളിൽ
കാണ്മാറുണ്ട് ഞാനൊരു വെള്ളിവെളിച്ചമായച്ഛനെ
അതു നീയല്ല, നീയല്ല,ഇനിയും ജനിക്കാത്തൊരച്ഛൻ

അതു നീയല്ല, നീയല്ല,ഇനിയും ജനിക്കാത്തൊരച്ഛൻ

Tuesday, March 8, 2011

ഓഹരി‌


ഓഹരി‌

നിന്നൂ ഞങ്ങളാ വീടിൻ വരാന്തയിൽ‌, സോദരർ‌,
മാതൃഗർ‌ഭപാത്രക്കണക്കിൽ‌ തുല്യയവകാശികൾ‌‌
കാത്തിരിപ്പൂ നേരമേറെയായ്, കൂട്ടിക്കിഴിച്ചും, പിന്നെ
മനക്കോട്ടയിൽ‌ രാജവേഷം‌ നടമാടിയും.
പകുത്തുകിട്ടേണ്ടവ കൂട്ടിനോക്കി, വീണ്ടും‌ കുത്തിക്കുറിച്ചും
അക്ഷമയോടെ, ഞങ്ങളൊത്തുചേർന്നു.

ഈ കളിമുറ്റമോ, തൊടിയോ, അരികിലെ കുളമോ
ഏതാണു ലാഭമെന്നൂഹങ്ങളായിരം മെനഞ്ഞു
ഈ കുളം‌ നഷ്ടമാണെന്നെൻ‌ കാതിൽ‌ പറഞ്ഞവൾ‌,
ലാഭക്കണക്കിൽ‌ പിഴവുപറ്റാതെയിരിക്കുവാൻ‌.

ജ്യേഷ്ഠ, ഓർക്കുന്നുവോ,

എനിക്കാമ്പലിറുക്കാനിതിലെത്ര കുതിപ്പുകൾ
ഈരിഴത്തോർത്തിൽ‌ നീ കോരിയ പരൽ‌മീനുകൾ‌
കുളക്കോഴിയും‌,സന്യാസി  പൊന്മാനും‌, കൊറ്റിയും‌
പിന്നെ എൻ‌ കയ്യടികൾക്കായുള്ള മുങ്ങാങ്കുഴികളും

എവിടൊക്കെയോ ചെയ്തൊപ്പ്, ആശ്വാസ,
ആഹ്ലാദ, നെടുവീർപ്പുകൾ ചുറ്റുമുയരവേ
പിറുപിറുക്കൽ‌ കേൾക്കാമെനിക്കെന്റെ കാതിൽ
ഓഹരി പോരെന്നും കുറഞ്ഞു പോയെന്നും

ജ്യേഷ്ഠ, ഓർക്കണം,

ഇടറി വീഴും മാത്രയിൽ‌  കൈകൾ‌ നിൻ‌ താങ്ങിനായ്
നീട്ടി, ശീലിച്ചൊരീ കുഞ്ഞനുജനെ

ജ്യേഷ്ഠ,ഇവരെന്തറിയുന്നു, നമ്മളാർക്കും പകുക്കാത്തയോഹരി

ഈ മണ്ണിലുണ്ണിപ്പുരകളും, മണ്ണപ്പവും‌,ഉണ്ടനുണ്ടിക്കഥകളും
ഈ കുളത്തിലെ‌ നീന്തൽ‌ക്കളരിയും
എനിക്കായ് പകുക്കാതെ നീ വാങ്ങിച്ചെടുത്ത ചൂരൽ‌ കഷായവും‌

ജ്യേഷ്ഠ, യാത്ര,

ഈ മണ്ണിൽ, നിൻ‌നെഞ്ചിൽ‌, ഈ കുളപ്പടവുകളിൽ‌
ഇനി ഞാനന്യനെന്നറിഞ്ഞിടും വേളയിൽ‌
ധൂർത്തുപുത്രൻ‌, ഓഹരി വാങ്ങിയോൻ‌, ലാഭനഷ്ടങ്ങളിൽ‌
അഭിരമിപ്പോൻ‌, ഇന്നിന്റെ സന്തതി......