(കാഴ്ചകള്‍ക്ക്,ചിന്തകള്‍ക്ക്, ചുവപ്പ് കൂടുന്നുണ്ടോ എന്ന് ഒരു സംശയം. നല്ല കട്ടച്ചോരയുടെ ചുവപ്പ് )
നെഞ്ചിലെയഗ്നിയില്‍, പാടിപ്പഴകിയ
വിപ്ലവഗാനമുരുക്കിയൊഴിക്കെ
കാലം ശോണിത ചിന്തയില്‍ രാകിയ
രക്തമുണങ്ങിയ മഴുവിവിനെയേന്തേ
സമരജ്ജ്വാലകളാളിയകണ്ണില്‍ കാമമൊ-
യൊരായിരമെങ്കിലും പിറവിയെടുക്കെ
എവിടെ? ചോരമണക്കും വഴികളില്‍
നിന്നിലെ ദാഹിച്ചലയും ഭാര്‍ഗവരാമന്‍?
Thursday, July 14, 2011
Monday, June 20, 2011
അമ്മയോട്
എന്റെ ശുഷ്കിച്ച നിഴലിന്റെയറ്റത്ത്,
നിന്റെ കുനിഞ്ഞ മുഖം ചേർത്തു വച്ചു
എനിക്കായ് കുഴച്ച് വച്ച പുത്തരിച്ചോറിൽ
നിന്റെ മുലപ്പാലിൻ സ്വാദ് ചേർത്തു
എന്റെ ജീവിതാഭാസഘോഷയാത്രയിൽ, നീ
ചോരയൂറും നിശബ്ദതയാൽ താളമിട്ടു.
ഉദകക്രിയക്കായ് കിളിര്‍ത്ത കറുക പോല്‍
എന്റെ വഴികളില്‍ കൂമ്പി നിന്നു.
ചരൈവേതി പാടി നീ നീട്ടിയ കൈകളില്‍
എന്നുമെന്‍ സ്വപ്നങ്ങള്‍ കൂടൊരുക്കി
നിന്‍ നെഞ്ചകം കീറി,നീ നനച്ചൊരീ പാതകള്‍
എന്റെ കുതിപ്പിനു വേഗമേറ്റി.
പക്ഷെ, കരയാന്‍ മറക്കാന്‍ പഠിപ്പിച്ച നിന്‍ -
കണ്ണുനീരിനു എന്നും നിറം ചുവപ്പായിരുന്നു
സ്വപ്നങ്ങളാറ്റിക്കുറിക്കി ചാലിച്ചു നീ തന്ന-
മുലപ്പാലിനും നിറം ചുവപ്പായിരുന്നു....
Sunday, March 27, 2011
അച്ഛനോട്
അച്ഛനോട്
(ഇതൊരു കവിതയുടെ കെട്ടും മട്ടിലേക്കു വന്നുവോ എന്നെനിക്ക് സംശയമുണ്ട്. വല്ല്ലാതെ അസ്വസ്ഥമായ മനസ്സിനെ ഒന്നു ശാന്തമാക്കാൻ കുത്തിക്കുറിച്ചതാണ് എന്നതാണു സത്യം. ജന്മം തന്ന പിതാവിന്റെ ഡയറിയിൽ സ്വന്തം മാനത്തിന്റെ വില രേഖപ്പെടുത്തി വിൽപ്പനക്ക് വച്ച, ഞാനിത് വരേക്കും കാണാത്ത, ഒരു സഹോദരിയ്ക്ക് സമർപ്പിക്കുന്നു. )
കയ്യിലെ കടലാസുവഞ്ചിയൊഴുക്കുവാനീയുമ്മറത്തിണ്ണയിൽ-
നീർച്ചാലുകൾ ശിഷ്ടമായ് നൽകിയീ മഴയകലവേ,
കാത്തിരിക്കാറൂണ്ടായിരുന്നെന്നച്ഛനെ, ഒരു കവിളുമ്മ -
നൽകുവാൻ, പിന്നെയാ കയ്യിൽ തൂങ്ങിയലയുവാൻ
നീർച്ചാലുകൾ ശിഷ്ടമായ് നൽകിയീ മഴയകലവേ,
കാത്തിരിക്കാറൂണ്ടായിരുന്നെന്നച്ഛനെ, ഒരു കവിളുമ്മ -
നൽകുവാൻ, പിന്നെയാ കയ്യിൽ തൂങ്ങിയലയുവാൻ
ആ വിരൽതുമ്പിൽ പിടിച്ചൊരീയുത്സവച്ചന്തയും,
നാട്ടുവഴികളും, കുസൃതിച്ചിരിയുള്ള കുഞ്ഞരുവിയും.
ഓടി നടന്നൊരായിരം വീഥികൾ, എന്തൊരുത്സാഹ-
ത്തിമ്മിർപ്പിലാറാടിയ നാളുകൾ, നഷ്ടസ്വപ്നങ്ങളായ്.
കടലാസുകഷണത്തിൽ നീപൊതിഞ്ഞെത്തിച്ച
കുടമുല്ലപ്പൂവുപോൽ, ഞാൻ ഞെരിഞ്ഞെങ്കിലും
നിൻ കണ്ണിലെന്നുമൊരായിരം സൂര്യന്മാരാർത്തിയാൽ
കത്തിജ്ജ്വലിക്കുന്ന കാഴ്ച ഞാൻ കാണ്മൂ.
തേങ്ങലടക്കിപ്പിടിച്ച നിമിഷങ്ങളിൽ, പിന്നെ
വിടരാതെ ഞെട്ടറ്റുവീണ കൌമാരസ്വപ്നങ്ങളിൽ
കാണ്മാറുണ്ട് ഞാനൊരു വെള്ളിവെളിച്ചമായച്ഛനെ
അതു നീയല്ല, നീയല്ല,ഇനിയും ജനിക്കാത്തൊരച്ഛൻഅതു നീയല്ല, നീയല്ല,ഇനിയും ജനിക്കാത്തൊരച്ഛൻ
Tuesday, March 8, 2011
ഓഹരി
ഓഹരി
നിന്നൂ ഞങ്ങളാ വീടിൻ വരാന്തയിൽ, സോദരർ,
മാതൃഗർഭപാത്രക്കണക്കിൽ തുല്യയവകാശികൾ
കാത്തിരിപ്പൂ നേരമേറെയായ്, കൂട്ടിക്കിഴിച്ചും, പിന്നെ
മനക്കോട്ടയിൽ രാജവേഷം നടമാടിയും.
പകുത്തുകിട്ടേണ്ടവ കൂട്ടിനോക്കി, വീണ്ടും കുത്തിക്കുറിച്ചും
അക്ഷമയോടെ, ഞങ്ങളൊത്തുചേർന്നു.
ഈ കളിമുറ്റമോ, തൊടിയോ, അരികിലെ കുളമോ
ഏതാണു ലാഭമെന്നൂഹങ്ങളായിരം മെനഞ്ഞു
ഈ കുളം നഷ്ടമാണെന്നെൻ കാതിൽ പറഞ്ഞവൾ,
ലാഭക്കണക്കിൽ പിഴവുപറ്റാതെയിരിക്കുവാൻ.
ജ്യേഷ്ഠ, ഓർക്കുന്നുവോ,
എനിക്കാമ്പലിറുക്കാനിതിലെത്ര കുതിപ്പുകൾ
ഈരിഴത്തോർത്തിൽ നീ കോരിയ പരൽമീനുകൾ
കുളക്കോഴിയും,സന്യാസി പൊന്മാനും, കൊറ്റിയും
പിന്നെ എൻ കയ്യടികൾക്കായുള്ള മുങ്ങാങ്കുഴികളും
എവിടൊക്കെയോ ചെയ്തൊപ്പ്, ആശ്വാസ,
ആഹ്ലാദ, നെടുവീർപ്പുകൾ ചുറ്റുമുയരവേ
പിറുപിറുക്കൽ കേൾക്കാമെനിക്കെന്റെ കാതിൽ
ഓഹരി പോരെന്നും കുറഞ്ഞു പോയെന്നും
ജ്യേഷ്ഠ, ഓർക്കണം,
ഇടറി വീഴും മാത്രയിൽ കൈകൾ നിൻ താങ്ങിനായ്
നീട്ടി, ശീലിച്ചൊരീ കുഞ്ഞനുജനെ
ജ്യേഷ്ഠ,ഇവരെന്തറിയുന്നു, നമ്മളാർക്കും പകുക്കാത്തയോഹരി
ഈ മണ്ണിലുണ്ണിപ്പുരകളും, മണ്ണപ്പവും,ഉണ്ടനുണ്ടിക്കഥകളും
ഈ കുളത്തിലെ നീന്തൽക്കളരിയും
എനിക്കായ് പകുക്കാതെ നീ വാങ്ങിച്ചെടുത്ത ചൂരൽ കഷായവും
ജ്യേഷ്ഠ, യാത്ര,
ഈ മണ്ണിൽ, നിൻനെഞ്ചിൽ, ഈ കുളപ്പടവുകളിൽ
ഇനി ഞാനന്യനെന്നറിഞ്ഞിടും വേളയിൽ
ധൂർത്തുപുത്രൻ, ഓഹരി വാങ്ങിയോൻ, ലാഭനഷ്ടങ്ങളിൽ
അഭിരമിപ്പോൻ, ഇന്നിന്റെ സന്തതി......
Sunday, February 20, 2011
മകളേ, ഇതേറ്റു വാങ്ങുക
മകളേ, ഇതേറ്റു വാങ്ങുക...
ഇതു വെറും കറിക്കത്തിയല്ലിന്നെനിക്ക്,
ഇമ ചിമ്മാതിരിക്കുന്നൊരമ്മക്ക് തെല്ലൊരാശ്വാസം,
മകളേ, നീയിതരയിലൊളിപ്പിച്ചു വക്കുക.
മകളേ, ഇതേറ്റു വാങ്ങുക...
നീ കരഞ്ഞപ്പോഴൊക്കെ നിന്നെ പഠിപ്പിച്ച
സീതതൻ, സാവിത്രി തൻ ഗാഥകൾ മറക്കുക
ഇനിയൽപ്പമെന്നടുത്തിരിക്കാമോ ഈയമ്മ പാടട്ടെ,
വളയിട്ടകൈകളാലടരാടിയ ഗീതികൾ..
മകളേ, മറക്കുക സീതയെ, സാവിത്രിയെ,
പിന്നെ നിന്നെ നിസ്സഹായയാക്കിയയെന്നെയും.
മകളേ, ഇതേറ്റു വാങ്ങുക...
നിൻ കണങ്കാൽ ദർശനമാത്രയിൽ ഒരു നവ-
രതിസാമ്രാജ്യമുയർത്തുന്നൊരിന്നിന്റെ
സദാചാരബോധത്തിന്റെ നാരായ വേരറുക്കുവാൻ..
കയ്യിലെ മഞ്ചാടി ദൂരെക്കളഞ്ഞെന്റെ കുരുന്നേ -
നീയിതേറ്റുവാങ്ങുക, അരയിലൊളിപ്പിക്കുക.
മകളേ, ഇതേറ്റു വാങ്ങുക...
പ്രൈം ടൈമിലെ ചർച്ചയിൽ നിന്മുഖം തെളിയാതെ
കാക്കുവാനമ്മക്ക് ത്രാണിയില്ല,
ചർച്ചയ്ക്കിടക്ക് നിൻപേരിൽ എസ്.എം.എസ്സിനു
പ്രായോജകർക്കായ് കെഞ്ചുന്നതോർക്കവയ്യ.
മകളേ, ഇതേറ്റു വാങ്ങുക...
Thursday, February 10, 2011
ഒരു മോഹം...
അവിലിനു പകരം നിൻ തൃപ്പാദപങ്കജേ, ദക്ഷിണയാവാൻ കൊതിച്ച ജന്മം..
അവിരാമാമെൻ സ്വപ്നവീഥികൾ തോറും, പുലരൊളിയായ് നിറഞ്ഞ സ്വപ്നം...
കൃഷ്ണശിലയിലും കാഠിന്യമേറിയൊരീ ജന്മമേകിയ പരിഭവം പെയ്തൊഴിയേ..
കൃഷ്ണ, നീയെന്നകതാരിലൊരു നറുമലരായ് വിടർന്നു പരിലസിക്കേ...
ഒരുവേളയെങ്കിലും കണ്ണാ, നിൻ പാദാരവിന്ദമെന്നശ്രുവാലർച്ചന ചെയ്യുവാൻ
ഒരു മോഹമെന്നുള്ളിൽ പൂവിടവെ..ഒരു സ്വപ്നമായതു വിടർന്നീടവേ..
കണ്ണനു കാണിക്ക നൽകുവാനൊരുപിടി അവിൽ പോലും കരുതാതെ,
കണ്ണാ, വന്നൂനിൻ തിരുനടയിൽ, പാടിയലയുന്നു ഞാൻ തവസന്നിധിയിൽ
പുൽക്കൊടിപോലുമുറക്കമായൊരീ വേളയിലൊറ്റക്ക് കണ്ണാ ഞാൻ
പുനരപി ധീരസമീരേ ഗീതികൾ പാടട്ടെ, പെയ്തൊഴിയട്ടെയെന്നീ ജന്മദു:ഖം...
Monday, February 7, 2011
തുളസിമാല
ഇരവിലൊരുവേളയീ ആൽത്തറയിലൊറ്റക്ക്,
ഇമയനക്കാതെ നിൻ തിരുനാമവും ചൊൽകെ..
കാണ്മൂ ഞാനിനിയൊരു ജന്മമെങ്കിലും തൃപ്പാദ -
മണിയുന്ന ധൂളിയായ് തീരുന്ന സ്വപ്നം, . തവ തീർത്ഥത്തിലാറാടിയലിയുന്ന സ്വപ്നം..
ശ്യാമാംബരങ്ങളെ വർണ്ണിച്ച കവിയെന്തോ,
കാർമേഘപൂരിതജന്മങ്ങൾ മറന്നു പോയ്
തങ്കത്തിളക്കത്തിൻ ശോഭവർണ്ണിക്കുവോനെ-
ന്നെങ്കിലും കഴിയുമോ കാരിരുമ്പിനെക്കാണുവാൻ?
കാർമേഘപൂരിതജന്മങ്ങൾ മറന്നു പോയ്
തങ്കത്തിളക്കത്തിൻ ശോഭവർണ്ണിക്കുവോനെ-
ന്നെങ്കിലും കഴിയുമോ കാരിരുമ്പിനെക്കാണുവാൻ?
കരുതിവച്ചില്ല ഞാൻ വെറും പ്രാർത്ഥനയല്ലാതെ
അവിൽപ്പൊതിയില്ല..വാദ്യഘോഷമില് ല...
കൂപ്പിയ കൈകളായ് നിശ്ചലം നിൽപ്പൂ ഞാൻ
കൃഷ്ണലീലയിലാറാടുമീ പുണ്യഭൂവിൽ..തവ സന്നിധിയിൽ...
അവിൽപ്പൊതിയില്ല..വാദ്യഘോഷമില്
കൂപ്പിയ കൈകളായ് നിശ്ചലം നിൽപ്പൂ ഞാൻ
കൃഷ്ണലീലയിലാറാടുമീ പുണ്യഭൂവിൽ..തവ സന്നിധിയിൽ...
ദക്ഷിണയില്ലാതെ, വഴിപാടുമില്ലാതെ, വെറുമൊരു -
പിടി അവിൽപ്പൊതിപോലുമില്ലാതെ..
ചൂടട്ടെ കൃഷ്ണ ഞാൻ, എൻ കണ്ണീരിനാൽ നട്ട
കൃഷ്ണതുളസിയിൽ കോർത്തൊരീ തുളസിമാല...
Subscribe to:
Posts (Atom)