എന്റെ ശുഷ്കിച്ച നിഴലിന്റെയറ്റത്ത്,
നിന്റെ കുനിഞ്ഞ മുഖം ചേർത്തു വച്ചു
എനിക്കായ് കുഴച്ച് വച്ച പുത്തരിച്ചോറിൽ
നിന്റെ മുലപ്പാലിൻ സ്വാദ് ചേർത്തു
എന്റെ ജീവിതാഭാസഘോഷയാത്രയിൽ, നീ
ചോരയൂറും നിശബ്ദതയാൽ താളമിട്ടു.
ഉദകക്രിയക്കായ് കിളിര്‍ത്ത കറുക പോല്‍
എന്റെ വഴികളില്‍ കൂമ്പി നിന്നു.
ചരൈവേതി പാടി നീ നീട്ടിയ കൈകളില്‍
എന്നുമെന്‍ സ്വപ്നങ്ങള്‍ കൂടൊരുക്കി
നിന്‍ നെഞ്ചകം കീറി,നീ നനച്ചൊരീ പാതകള്‍
എന്റെ കുതിപ്പിനു വേഗമേറ്റി.
പക്ഷെ, കരയാന്‍ മറക്കാന്‍ പഠിപ്പിച്ച നിന്‍ -
കണ്ണുനീരിനു എന്നും നിറം ചുവപ്പായിരുന്നു
സ്വപ്നങ്ങളാറ്റിക്കുറിക്കി ചാലിച്ചു നീ തന്ന-
മുലപ്പാലിനും നിറം ചുവപ്പായിരുന്നു....